INTRODUCTION

ഓർമകളിലൂടെ ഒരു യാത്ര

ഏകാന്തതയുടെ ആനന്ദവും, ചിന്തകളുടെ സൗന്ദര്യവും, ഭാവാനാലോകത്തിന്റെ  മാസ്മരികതയും  അനുഭവിക്കുന്ന അവസരങ്ങളിൽ പലപ്പോഴും ഞാൻ എന്നോടു തന്നെ എന്റെ പഴയ കഥകൾ പറയാറുണ്ട്! എന്റെ സ്വന്തം കഥ!. ഓർമകളുടെ അടിത്തട്ടിൽ ഇന്നും നിലനിൽക്കുന്നവ മാത്രം. അതിനു വേറെ വർണ്ണ-വ്യാഖാനങ്ങൾ ഒന്നും നൽകിയില്ല. അതൊന്നും മറ്റൊരു രൂപത്തിലോ രീതിയിലോ ആയിരുന്നെങ്കിൽ എന്നൊരിക്കലും ചിന്തിച്ചിട്ടില്ല! ‘അതങ്ങിനെയതിനാലാണ് ഞാനിന്നിങ്ങനെ!’ എന്നു മാത്രം ആശ്വസിച്ചിരുന്നു!. പുതിയ തലമുറയ്ക്ക് പകർത്തേണ്ടതോ, പഠിക്കേണ്ടതോ ആയ ഒന്നും തന്നെ എന്റെ ജീവിതത്തിലോ ഈ കുറിപ്പുകളിലോ ഉണ്ടെന്നുള്ള യാതൊരു സങ്കല്പവും എനിക്കില്ല. പക്ഷെ എന്റെ അനുഭവങ്ങൾ എന്നോടുതന്നെ തുറന്നുപറയുമ്പോൾ എനിക്കുണ്ടാകുന്ന ഒരനുഭൂതി അത്യധികം രസകരമായി തോന്നി. അതുകൊണ്ടുതന്നെ എഴുത്തു തുടങ്ങി. മാത്രമല്ല, ലോകത്താകമാനം ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യരാശി ഒരിക്കലും കണ്ടിട്ടില്ലാത്ത കൊറോണയെന്ന ഭീകര മഹാമാരിയെപ്പേടിച്ചു അടച്ചിട്ട ഗേറ്റുകൾക്കും, വാതിലുകൾക്കും പിന്നിൽ ജീവനു വേണ്ടി – അല്ല ജീവിതത്തിനുവേണ്ടി പകലന്തിയോളം പലതിലിടപെട്ടിട്ടും ആത്മ സംതൃപ്തികിട്ടാത്ത ഒരു കാലത്താണ് എന്റെ പഴയ ജീവിത സംഭവങ്ങളെ കോർത്തിണക്കാനുള്ള ശ്രമം ആരംഭിച്ചത്. ആ ശ്രമം താൽക്കാലികമായെങ്കിലും പൂർത്തീകരിക്കുവാൻ അഞ്ചു വർഷങ്ങൾ വേണ്ടിവന്നു. എഴുപതുകളിലേക്കു കടക്കുന്ന എന്റെ ബാംഗ്ലൂർ ജീവിതത്തിനു അമ്പതു വർഷം തികയുന്ന അവസരത്തിൽ ആ ഓർമകളെല്ലാം ഒരു പുസ്തക രൂപത്തിലാക്കി നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു. ജീവിതം അടയാളപ്പെടുത്തുവാൻ വേണ്ടി..!

 

എന്റെ കഥയും കാര്യങ്ങളും ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളതു ജീവിത സഖി ചന്ദ്രികയോടുതന്നെയാണ്.  പിന്നെ കൂടുതൽ ജീവിതാനുഭവങ്ങൾ    പങ്കിട്ടിരുന്നത് അടുത്ത സുഹൃത്തുക്കളോടും. പക്ഷെ പലപ്പോഴായി പറയാൻ തുടങ്ങിയിരുന്ന പല കഥകളും അപ്പോഴുണ്ടായിരുന്ന സാഹചര്യങ്ങൾകൊണ്ട് പൂർത്തിയാക്കുവാൻ  കഴിഞ്ഞിട്ടുണ്ടാവില്ല. ജീവിതത്തിൽ ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിന്റെ പരമാവധി കഷ്ടപ്പാടുകളും, ദുരിതങ്ങളും ഒപ്പം അത്യധികം സന്തോഷങ്ങളും അനുഭവിച്ച എന്റെ ജീവിതം എന്നെ സംബധിച്ചിടത്തോളം ഒരു വൻ വിജയം തന്നെയായിരുന്നു. ജീവിതത്തിൽ ലഭിച്ച എല്ലാ കഴിവുകളും, സാഹചര്യങ്ങളും അധികാരങ്ങളും സഹജീവികളുടെയും നന്മക്കായി ഉപയോഗിക്കുവാൻ കഴിഞ്ഞുവെന്നുള്ളതാണ് എടുത്തു പറയത്തക്ക നേട്ടം. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള സൗഭാഗ്യങ്ങളും അതിൻറെ നന്മകളും പൂർണമായി ആസ്വദിക്കുവാൻ  കഴിഞ്ഞെന്നുള്ള മറ്റൊരു നേട്ടവുമാണ് ഈ ജീവിതസായാഹ്ന വേളയിൽ ഏറ്റവും കൂടുതൽ സംതൃപ്തി നല്കുന്നതും.

ആലങ്കോട് ലീലാകൃഷ്ണൻ
ആലങ്കോട് ലീലാകൃഷ്ണൻ
അത്യന്തം പാരായണക്ഷമമായ ഒരാത്മകഥാഖ്യാനമാണ് എസ്.കെ.നായരുടെ ‘ഓർമകളിലൂടെ ഒരു യാത്ര.’വായിച്ചുതുടങ്ങിയാൽ ഒറ്റയിരുപ്പിൽ അവസാനം വരെ വായിച്ചുപോകാം. ഇത് കഥാഖ്യാനം പോലെ തോന്നാം. ചിലപ്പോൾ യാത്രാവിവരണമായിത്തോന്നാം, ചിലപ്പോൾ സംഭവകഥകളുടെ സരസമായ വിവരണമായി അനുഭവപ്പെടും, മറ്റു ചിലപ്പോൾ ഒരു നോവൽ പോലെയും വായിച്ചുപോകാം. അനുഭവങ്ങളും, കേട്ടറിവുകളും, ഐതീഹ്യങ്ങളും, കഥകളും, മറ്റനേകം സംഭവങ്ങളും ചേർത്ത്, അര നൂറ്റാണ്ടുകാലത്തെ തന്റെ പ്രവാസ ജീവിതത്തെ ഒട്ടും അത്യുക്തിയില്ലാതെ വരച്ചുവച്ചിരിക്കുകയാണ് ‘ഓർമകളിലൂടെ ഒരു യാത്ര’യിൽ.
ഏഴു പതിറ്റാണ്ടു പിന്നിട്ട എസ്‌.കെ.നായരുടെ ജീവിതത്തിൽ അര നൂറ്റാണ്ടുകാലവും ബംഗളുരുവിലായിരുന്നു. ബംഗളുരുവിലെ എല്ലാ മലയാളി കൂട്ടായ്മകളിലും സജീവമായിരുന്ന മികച്ച സംഘാടകനായും, സാംസ്‌കാരിക പ്രവർത്തകനായും, എഴുത്തുകാരനായും പല പ്രസ്ഥാനങ്ങളുടെയും നേതാവായും എസ.കെ.നായർ ഈ നഗരത്തിൽ ജീവിച്ചു, ജീവിതം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമത്തിനിടയിൽ പലയിടത്തും വീണും, വീഴ്ത്തപ്പെട്ടും, വീണയിടത്തുനിന്നെല്ലാം എഴുന്നേറ്റും, സ്വയം കരുത്താർജിച്ചും, ചിലപ്പോൾ ചാരത്തിൽ നിന്നും ഉയരുന്ന ഫിനിക്സ് പക്ഷിയെപ്പോലെ ജീവിതത്തെ പറന്നുയരാൻ പാകത്തിൽ രൂപപ്പെടുത്തിയെടുക്കുവാൻ എസ്സ്.കെ.നായർ സഹിച്ച സ്നേഹങ്ങളും, സഹനങ്ങളും, സമരങ്ങളും, ഈ പുസ്തകത്തിലുണ്ട്. ഒരർത്ഥത്തിൽ ഒരു ശരാശരി പ്രവാസിയുടെ, അസാധാരണമായ ജീവിതമായി ഈ കഥാഖ്യാനം നമുക്കനുഭവപ്പെടും. നാട്ടിൽ ഇപ്പോഴും വേണ്ടത്ര മനസ്സിലാക്കപ്പെടാത്ത മലയാളികൾ, പ്രവാസലോകത്തു വലിയ പദവികൾ വഹിക്കുന്നുണ്ട്, വലിയ നേതൃത്വത്തിലിരിക്കുന്നുണ്ട്. അവരൊക്കെ ആത്മകഥയെഴുതുമ്പോഴാണ് അവരുടെ കഥയും, അവരോടൊപ്പം പ്രവാസി മലയാളി സ്വന്തം അസ്തിത്വം സ്ഥാപിക്കുവാൻ വേണ്ടി അതാതിടങ്ങളിൽ നടത്തിയ സമരങ്ങളുടെ കഥകളും മലയാളികൾ അറിയുക. യഥാർത്ഥത്തിൽ എസ.കെ.നായരുടെ ‘ഓർമകളിലൂടെ ഒരു യാത്ര’ എന്ന ഈ പുസ്തകം സാധാരണത്വം നിറഞ്ഞതെങ്കിലും അസാധാരണമായ ഒരു ജീവിതാഖ്യാനമാണ്. എന്റെ പ്രിയപ്പെട്ട ഈ സുഹൃത്തിന്റെ അനുഭവകഥ വളരെ ആവേശത്തോടും ഔൽസുക്യത്തോടും കൂടിയാണ് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തത്.
എസ കെ നായരുടെ ഈ പുസ്തകത്തിന് എന്റെ ഹൃദയപൂർവ്വകമായ ആശംസകൾ.