Introduction

'പൂച്ചക്കണ്ണി സുന്ദരിയാണ്

ജീവിതത്തിലെ ചില സാഹചര്യങ്ങൾ ആസ്വാദ്യകരമാക്കുവാനുള്ള ഒരു ഉദ്യമമെന്നനിലയിൽ കഴിഞ്ഞ കാലങ്ങളിൽ പല സന്ദർഭങ്ങളിലായി, കുത്തിക്കുറിച്ചു സൂക്ഷിച്ചു വച്ചിരുന്ന ചില കുറിപ്പുകളാണ് ഈ ചെറുകഥാസമാഹാരത്തിത്തിന്റെ ഉള്ളടക്കം.

 

പുതിയ ഈ യുഗത്തിൽ പഴമകളുടെയും പഴംകഥകളുടെയും  ചില പതിരുകൾ  യഥാർത്ഥ ജീവിതത്തിൽ കണ്ടെത്തുകയും അതിനെയെല്ലാം കോർത്തിണക്കി  ഒരു എളിയ ഉപഹാരമായി നിങ്ങളിലെത്തിക്കുകയുമാണ്  എന്റെ ഉദ്ദേശം..

 

ഇതിനൊരു സാന്ദർഭിക പരിവേഷവുമുണ്ട്.  സാധാരണപോലെ നടന്ന  ഒരു സുഹൃദ്‌സംഭാഷണത്തിനിടയിൽ  വർഷങ്ങളായി  അടുത്തറിയുന്ന ഒരു മികച്ച എഴുത്തുകാരനും, പരിചയ സമ്പന്നനായ മാധ്യമപ്രവർത്തകനുമായ ശ്രീ വിഷ്ണുമംഗലം കുമാറിന്റെ പ്രചോദനങ്ങൾ എടുത്തുപറയേണ്ടതായുണ്ട്.  ആ സ്നേഹപൂർവള്ള പ്രോത്സാഹനത്തിന്റെ മികവിൽ മനസ്സിലും പഴയ കടലാസുകളിലുമായിരുന്ന ആശയങ്ങളെല്ലാം കൂട്ടിയിണക്കുവാൻ ശ്രമിച്ചു. അതിന്റെ ഫലമാണ് ഈ കഥാ  സമാഹാരം.

 

കഥകളും കഥാപാത്രങ്ങളുമെല്ലാം എന്റെ ഭാവനകൾ മാത്രമാണ്. മറ്റുള്ളവരാരുമായും ഒരു ബന്ധവുമില്ല. അങ്ങിനെ സാമ്യം തോന്നുന്നുവെങ്കിൽ അത് വായനക്കാരന്   കഥാമൂല്യത്തോടു തോന്നുന്ന  ആത്മാർത്ഥത മാത്രമായിരിക്കും.

 

സമൂഹത്തിൽ നടന്നിട്ടുള്ളതും നടക്കാവുന്നതുമായ സംഭവങ്ങൾ കോർത്തിണക്കി അതിനുവേണ്ട സാഹചര്യങ്ങൾ സൃഷ്ടിച്ച്‌  കഴിയുന്നത്ര തന്മയത്വത്തോടെ, ലളിതമായ വാക്കുകളിലൂടെ നിങ്ങളിലെത്തിക്കാനുള്ളല്ല എന്റെ എളിയ ശ്രമമാണിത്. ഒപ്പം രചനയുടെ ലോകത്തേക്കുള്ള എന്റെ ആദ്യത്തെ കാൽവെയ്പ്പും. തുടർന്നുള്ള എന്റെ എല്ലാ ഉദ്യമങ്ങളിലും അനുവാചകരായും, ആത്മമിത്രങ്ങളെയും, വിമർശകരായും  ഒപ്പമുണ്ടാകണെമെന്ന അപേക്ഷയോടെ ഈ ചെറുകഥാസമാഹാരം നിങ്ങൾക്കുമുന്നിൽ സമർപ്പിക്കുന്നു    

വിഷ്ണുമംഗലം കുമാർ
വിഷ്ണുമംഗലം കുമാർ
അനുഭവഗന്ധമുള്ള ജീവിതസാക്ഷ്യങ്ങൾ

ബെംഗളൂരുവിലെ സാംസ്‌കാരികവേദിയ്ക്ക് സുപരിചിതനാണ് എസ്‌.കെ.നായർ .ഹരിപ്പാട്‌ സ്വദേശിയായ അദ്ദേഹം അരനൂറ്റാണ്ടുകാലമായി നഗരത്തിലുണ്ട്. ഇന്ത്യൻ ടെലിഫോൺ ഇന്ടസ്ട്രിസിൽ (ITI.LTD) ഉദ്യോഗസ്ഥനായിരിക്കെ ദൂരവാണിനഗർ കേരളസമാജവുമായി ബന്ധപ്പെട്ട സാമൂഹ്യപ്രവർത്തനത്തിൽ സജീവമായിരുന്നു. സമാജത്തിന്റെ ഹൗസ്‌ മാഗസിൻ വർഷങ്ങളോളം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയിരുന്നത് ഇദ്ദേഹമായിരുന്നു. അതിലും നഗരത്തിലെ മറ്റുചില പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകളും ലേഖനങ്ങളുമൊക്കെ എഴുതാറുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച എസ്.കെ.നായർ പ്രസിദ്ധപ്പെടുത്തുന്ന ആദ്യ കഥാസമാഹാരമാണിത്. ‘ആരാണവൾ?’, ‘ഇനി ഒരു യാത്ര വേണോ?’, ‘എന്റെ സാമ്രാജ്യം-എന്റെ മാത്രം’, ‘ചന്ദ്രൻ ഒരു മുതലാളി’, ‘പൂച്ചക്കണ്ണി സുന്ദരിയാണ്’, ‘ഒരു പകൽകൊള്ള എന്നിങ്ങനെ’ ആറു കഥകളാണ് സമാഹാരത്തിലുള്ളത്. അനുഭവങ്ങളുടെ എല്ലാം ഗന്ധമുള്ള സംഭവങ്ങൾ കഥകളാക്കി രൂപപ്പെടുത്തിയതാണ്. ജാഡയോ വളച്ചുകെട്ടലുകളോ ഇല്ലാതെ ലളിതമായ ശൈലിയിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിലാണ് എസ്‌.കെ.നായർ കഥ പറയുന്നത്. പ്രവാസജീവിതമാണ് പ്രധാനമായും കഥാപരിസരം. കൂട്ടത്തിൽ 'എന്റെ സാമ്രാജ്യം; എന്റെ മാത്രം' ചെറുകഥയിൽ ഒതുങ്ങാത്ത സാമാന്യം നീണ്ട കഥയാണ്. 'ആരാണവൾ' വായനക്കാരിൽ കൗതുകമുണർത്തും. 'പൂച്ചക്കണ്ണി സുന്ദരിയാണ്' ആകാംക്ഷയുടെ അനന്തതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ്. സോഷ്യൽ മീഡിയയിലൂടെ ഉദയം കൊള്ളുന്ന പ്രണയങ്ങളിൽ പലതിനും യഥാർത്ഥ ജീവിതത്തിൽ ഒട്ടും സുന്ദരമല്ലാത്ത മറ്റൊരു മുഖമുണ്ടാവും. കൗമാരക്കാർ മാത്രമല്ല പക്വതയെത്തിയ യുവത്വവും അത്തരം പ്രണയവലകളിൽ വീണുപോകാറുണ്ട്. വാസ്തവം മനസ്സിലാവുമ്പോഴാണ് പ്രണയത്തിന്റെ വികൃതമുഖം തെളിഞ്ഞുവരിക. അപ്പോഴേക്കും പ്രണയത്തിൽ പെട്ടുപോയവർക്ക് പലതും നഷ്ടപ്പെട്ടിരിക്കും. ഹൃദയം നുറുങ്ങിപ്പൊടിയുന്ന അനുഭവമാണ് പിന്നീടുണ്ടാവുക. അത്തരക്കാർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ കഥയിലൂടെ എസ്‌.കെ.നായർ നൽകുന്നത്. തുടർച്ചയായി നടക്കുന്ന വഞ്ചനയുടെ ഒരു വർണ്ണ ചിത്രം വരച്ചുകാട്ടുകയാണ് 'ഒരു പകൽ കൊള്ള'.. യുവാക്കളിൽ സാധാരണ കണ്ടുവരാറുള്ള എടുത്തുചാട്ടത്തിന് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ രചന. നഗരാതിർത്തിയിലുള്ള പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഇവിടെ ചർച്ചചെയ്യപ്പെടുന്നത് .

ഈ സമാഹാരത്തിലെ കഥകളിൽ വെളിവാകുന്നത് രചനയിലെ കസർത്തുകളോ ഗഹനതയോ അല്ല, പച്ചയായ ജീവിതത്തിന്റെ കലർപ്പില്ലാത്ത അനുഭവസാക്ഷ്യങ്ങളാണ്. എസ്.കെ.നായരുടെ ആദ്യ കഥാസമാഹാരം സർഗ്ഗാത്മകതയെ മുൻവിധിയില്ലാതെ സമീപിക്കുന്ന സഹൃദയരായ അനുവാചകർക്ക്‌ ഇഷ്ടമാകാതിരിക്കില്ല.