Introduction

ചിരിക്കുന്ന ചെരിപ്പുകൾ

സുജിലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘പൂച്ചക്കണ്ണി സുന്ദരിയാണ്’ എന്ന എന്റെ ആദ്യത്തെ ചെറുകഥാ സമാഹാരത്തിന്  വായനക്കാരുടെ പ്രതികരണം പ്രോത്സാഹനജനകമായിരുന്നു. ഒട്ടനവധി ഭാഷാസ്നേഹികളുടെ  ആസ്വാദനക്കുറിപ്പുകൾ ഇതിനകം കൈപ്പറ്റി. ഒപ്പം ആത്മാർത്ഥമായ വിമർശനങ്ങളും നിർദ്ദേശങ്ങളും.

വ്യക്തിപരമായിപ്പറഞ്ഞാൽ ജീവിതത്തിലെ അവശേഷിക്കുന്ന നാളുകൾ സഹൃദയരായ ഭാഷാ  സ്നേഹികളുമായി സംവദിച്ചുകൊണ്ട് ആസ്വാദ്യകരമാക്കുവാനുള്ള ഒരു സംരംഭമാണിത്.  കഴിഞ്ഞ കാലങ്ങളിൽ പല സന്ദർഭങ്ങളിലായി, മനസ്സിൽ സൂക്ഷിച്ചിരുന്ന ഓർമ്മകളാണ്   ഈ ചെറുകഥാ സമാഹാരത്തിലൂടെ നിങ്ങളിലെത്തിക്കുവാൻ ശ്രമിക്കുന്നത്.

പത്രപ്രവർത്തന രംഗത്തെ പരിചയ സമ്പന്നനായ ശ്രീ വിഷ്ണുമംഗലം കുമാർ എനിക്ക് നൽകിവരുന്ന പ്രചോദനങ്ങൾ കുറച്ചൊന്നുമല്ല. അതുപോലെതന്നെ കേന്ദ്ര – സംസ്ഥാന – സാഹിത്യ അക്കാദമി കളുടെ അവാർഡ് ജേതാവായ ശ്രീ സുധാകരൻ രാമന്തളി, കേരളസമാജം ദൂരവാണിനഗർ,  റൈറ്റേർസ് & ആർട്ടിസ്റ്സ് ഫോറം തുടങ്ങി ബംഗളൂരുവിലെ പല സുഹൃത്തുക്കളും സാംസ്‌കാരിക സംഘടനകളും സമ്മാനിച്ച ഉത്തേജനമാണ് വീണ്ടും  വീണ്ടും എഴുതാൻ ശക്തിപകരുന്നത്.

എന്റെ കഥകളും കഥാപാത്രങ്ങളുമെല്ലാം അനുഭവങ്ങളുടെ കയ്യൊപ്പുകൾ പതിഞ്ഞ ഭാവനകൾ മാത്രമാണ്. മറ്റുള്ളവരാരുമായും ഒരു ബന്ധവുമില്ല. അങ്ങിനെ സാമ്യം തോന്നുന്നുവെങ്കിൽ അത് അനുവാചകന്    കഥാമൂല്യത്തോടു തോന്നുന്ന  ആത്മാർത്ഥത മാത്രമായിരിക്കും.

സമൂഹത്തിൽ നടന്നിട്ടുള്ളതും നടക്കാവുന്നതുമായ അനവധി സംഭവങ്ങൾ കോർത്തിണക്കി അതിനുവേണ്ട സാഹചര്യങ്ങളും കഥാപാത്രങ്ങളെയും സൃഷ്ടിച്ച്‌   ലളിതമായ വാക്കുകളിലൂടെ നിങ്ങളിലെത്തിക്കുകയാണ് ഈ ചിരിക്കുന്ന ചെരുപ്പുകളെന്ന കഥാ സമാഹാരത്തിലൂടെ…

തുടർന്നുമുള്ള എന്റെ എല്ലാ ഉദ്യമങ്ങളിലും അനുവാചകരായും, ആത്മമിത്രങ്ങളായും, വിമർശകരായും  ഒപ്പമുണ്ടാകണമെന്ന അപേക്ഷയോടെ ഈ ചെറുകഥാസമാഹാരം നിങ്ങൾക്കുമുന്നിൽ സമർപ്പിക്കുന്നു

ശിവകുമാർ മുത്താട്ട്
ശിവകുമാർ മുത്താട്ട്
വിവിധ പശ്ചാത്തല വിധി വിതാനങ്ങളുടെയും ജീവിത യാത്രകളുടെയും പുസ്തകാനുഭവമാണ് ചിരിക്കുന്ന ചെരുപ്പുകൾപ്പുകൾ എന്ന ചെറുകഥാ സമാഹാരം.

മനസ്സുകൊണ്ട് യുഗാന്തരങ്ങൾ താണ്ടി സഞ്ചരിക്കുന്ന ഒരേ കൂരക്ക് കീഴിലു ള്ളവർ ഒരു ജീവിത കാലം മുഴുവനും ഏകാന്തതയുമായി ജീവിതത്തെ അഭിമുഖീകരിക്കുന്ന കുറെ പച്ച മനുഷ്യരുടെ കഥകൾ.

പ്രണയതിന്റെ സൗന്ദര്യം തകർക്കുന്ന അന്ധമായ മതാചാരങ്ങളുടെ ദയനീയത വരച്ചുകാട്ടുന്ന ‘ആമിനയുടെ ആദ്യ രാത്രി’, ജീവിത സാഹചര്യങ്ങളോടും ദുരവസ്ഥകളോടും മല്ലിട്ടുമുന്നേറുന്ന മനുഷ്യരുടെ മനസ്സ് മാറുന്ന സന്ദർഭങ്ങൾ വിവരിക്കുന്ന ‘അറ്റുപോയ കാലുകൾ’, അനുഭവ സാക്ഷ്യങ്ങൾ നിരത്തുന്ന ‘കഥയല്ല ഇത് കാര്യം’, നഗര പരിസരങ്ങളിൽ നടക്കുന്ന വഞ്ചനകളുടെ കെട്ടഴിക്കുന്ന ‘കള്ളൻ ഒറ്റക്കല്ല’, ജീവിത യാഥാർഥ്യങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെവരുന്ന സന്ദർഭങ്ങളിൽ ചഞ്ചലനാകാത്ത ‘അപരാജിതൻ’, ജീവിതകാലം മുഴുവൻ അന്യ നാടുകളിൽ ഉന്നത സ്ഥാനങ്ങളിൽ ജീവിക്കുന്നവരുടെ അടങ്ങാത്ത ഗൃഹാതുരത്വവും സ്ഥിതിഗതികളാൽ വഴി മാറിപ്പോകുന്ന ജീവിത നിഷ്ടകളും വിവരിക്കുന്ന ‘മനസ്സ് മന്ത്രിക്കുന്നു’, സാന്ദർഭികമായ സ്നേഹ സമ്മാനങ്ങളുടെ മൂല്യം വരച്ചു കാട്ടുന്ന ‘ജേക്കബ് ശിവൻ’, ജീവിതത്തിൽ നമ്മോടൊപ്പമോ നാമതിനൊപ്പമോ എന്ന ചിന്തകളുണർത്തുന്ന ‘ചിരിക്കുന്ന ചെരുപ്പുകൾ’ എന്നിങ്ങനെ പച്ചയായ മനുഷ്യ ജീവിതങ്ങൾ തീർത്ത എട്ടു ചെറുകഥകളടങ്ങുന്നതാണ് ഈ ചെറുകഥ സമാഹാരം

ഓരോ കഥാ സന്ദർഭങ്ങളും നമ്മുടെ മനസ്സിൽ ഉയർത്തുന്ന ആശയും ആശയവുമാണ് ഈ പുസ്തകത്തിലുടനീളം.

ജീവിതം ഒരോ നിമിഷവും ആഘോഷിക്കേണ്ടുന്ന ഒരു മഹോത്സവമാണെന്നും അതാർക്കുവേണ്ടിയും ഹോമിക്കപെടാനുള്ളതല്ല എന്നുമുള്ള സത്യം കഥകളിലൂടെ സമഗ്രമായി വർണ്ണിക്കുന്നു. ദുഃഖങ്ങളുടെ മുറിവുണക്കുവാനാകുന്ന എഴുത്തുകൾ മനസ്സിനെ വ്യത്യസ്ത തലങ്ങളിലേക്ക് നയിക്കുന്ന യഥാർത്ഥ രചനാ രീതികളിലൂടെ, മറ്റു കഥാശൈലികളിൽ നിന്ന് വിഭിന്നമായ അവതരണത്തിലൂടെയും, ഏറെ ഭിന്നമായ ജീവിതാവസ്ഥയിലൂടെയും കടന്നു പോകുന്ന കഥാപാത്രങ്ങളെയും, ജീവിത സന്ദർഭങ്ങളെയും ചിരിക്കുന്ന ചെരിപ്പുകളിലൂടെ ശ്രീ എസ് കെ. നായർ വായനക്കാരെ ഒരു പ്രത്യക തലങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്നു
രമാ പിഷാരടി
രമാ പിഷാരടി
ബാംഗ്ളൂരിലെ സാംസ്കാരിക രംഗത്ത് സുപരിചിതനായ ശ്രീ എസ് കെ നായർ എഴുതിയ ചിരിക്കുന്ന ചെരിപ്പുകൾ എന്ന കഥാസമാഹാരം ജീവിതാനുഭവങ്ങളുടെ ആവിഷ്കാരമാണ്.

ശ്രീ എസ് കെ നായരുടെ എല്ലാ കഥകളും ഓർമ്മക്കുറിപ്പ് പോലെ അനുഭവപ്പെടുന്നുണ്ടെങ്കിലും വായനാസുഖമുള്ള രചനകളാണ്.

ബാംഗ്ളൂരിലെ പ്രശസ്ത സാഹിത്യകാരനായ ശ്രീ സുധാകരൻ രാമന്തളി കഥാസമാഹാരത്തിനേകിയ ആശംസയിൽ പറയുന്നത് മനുഷ്യനെന്ന നിലയിൽ വിശ്വവിശാലതയോളം വളരാനും അവനവനിലേക്ക് തന്നെ ചുരുങ്ങിപ്പോകാനും നമ്മെ പ്രാപ്തരാക്കുന്നത് നമ്മുടെ മനസാണ്. നാം ജീവിച്ച് പോരുന്ന സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ മനസ്സ് പാകപ്പെടുന്നതും ലോകത്തെ അഭിമുഖിക്കരിക്കാനുള്ള ശക്തി നേടുന്നതും..

ആശയപരമായി ഈ സമാഹാരത്തെ മനുഷ്യമനസ്സിൻ്റെ അനുഭവസഞ്ചാരമായി അടയാളപ്പെടുത്താം. സൃഷ്ടിപരമായി ബുദ്ധിപരതയോ നിർമ്മിതമായ അലങ്കാരങ്ങളോ ഈ സമാഹാരത്തിൻ്റെ രൂപഭദ്രതയെ തൊട്ട് പോകുന്നില്ല എന്നത് ആശ്വാസകരം. കഥയെക്കാൾ അനുഭവക്കുറിപ്പുകളുടെ സാക്ഷ്യം പോലെയാണ് വായനയിൽ അനുഭവപ്പെട്ടത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതിയും മതവും മാനവികതയെ ഇന്നും പരാജയപ്പെടുത്തുന്നതെങ്ങനെയെന്ന് ആമിനയുടെ ആദ്യരാത്രി എന്ന കഥയിലൂടെ പുരോഗമനം എന്നത് വാക്കിൽ മാത്രമുള്ള അലങ്കാരമാണെന്നും അർത്ഥതലങ്ങളിൽ മനുഷ്യപ്രവർത്തികൾ അതിനെ സാധൂകരിക്കുന്നില്ലെന്നും കഥ പറയുന്നു. സുഗമമായ വായന ഈ കഥയുടെ തുടക്കം മുതൽ അവസാനം വരെ നിലനിർത്താൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.

അറ്റുപോയ കാലുകൾ എന്ന കഥയിൽ തളർന്ന കാലുകൾക്ക് ശക്തി തിരികെ ലഭിക്കുമ്പോൾ അതിനായി പ്രയത്നിച്ച ലോകത്തിലേക്ക് ഒരല്പം കരുണ പകർന്നേകാതെ അതേ കാലുകൾ കൊണ്ട് മറ്റ് മനുഷ്യരെ ആക്രമിക്കുന്ന ഒരാളെ കാണേണ്ടി വന്ന നന്മയുള്ള മനസ്സിൻ്റെ നടുക്കമാണ് ദർശിക്കാനാകുന്നത്.

മനുഷ്യനിങ്ങനെയും ക്രൂരത കാണിക്കുവാനാകുമോ എന്ന് സ്വാഭാവികമായുള്ള ചോദ്യത്തെ മദ്യശാലയിലെ രാസരുചികൾ കീഴ്പെടുത്തുന്ന കാഴ്ചയോടെ കഥയവസാനിക്കുന്നു.

കഥയല്ല ഇത് കാര്യം എന്ന കഥ അനേകം ജീവകഥകളുടെ സംക്ഷിപ്തരൂപമാണ്. ഒരു സംഭവത്തിൽ നിന്ന് മറ്റൊരു സംഭവത്തിലേക്ക് അതിൽ നിന്ന് മറ്റൊരു സംഭവത്തിലേക്ക് അതിൽ നിന്ന് വേറിട്ട ഒരു സമാപ്തിയിലേക്ക് കഥ സഞ്ചരിക്കുന്നു. ഒരു ഉപകഥ കൂട്ടിച്ചേർത്തത് സ്വാഭാവികമായി അനുഭവപ്പെട്ടില്ല എങ്കിലും രാഷ്ട്രീയ/അധികാര ലോകത്തിൻ്റെ ഇടപെടൽ ഒരു റോഡ് അപകടത്തെ എങ്ങനെയൊക്കെ സ്വാധീനിക്കാം എന്നത് വ്യക്തമായി എഴുതിയിട്ടുണ്ട്. അപകടത്തിൽ പെട്ടവരെ സഹായിക്കാനൊരുങ്ങുന്നവരുടെ നിസ്സഹായവസ്ഥയെ കൂടി എഴുതിച്ചേർത്ത് സാമൂഹികാവസ്ഥയുടെ പോരായ്മകളിലേക്ക് കൂടി ദൃഷ്ടി ചലിപ്പിക്കുന്നുണ്ട് ഈ കഥ.

കള്ളൻ ഒറ്റയ്ക്കല്ല' എന്ന കഥ യഥാർത്ഥജീവിതാനുഭവത്തിലെ നർമ്മം കലർന്ന ചില സംഭവങ്ങളാണെന്ന് വായനയിൽ അനുഭവപ്പെടും പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പഴയ ബാംഗ്ളൂർ നഗരത്തിലെ ചില പ്രധാന ഇടങ്ങൾ ശിവജി നഗർ, എം ജി റോഡ്, മജസ്റ്റിക് ബസ്റ്റേഷൻ ഇവയിൽ നിന്ന് ശിവജി നഗർ എം ജി റോഡ്, കൃഷ്ണരാജപുരം എന്നിവടങ്ങളിലെ ചില പെറ്റികള്ളന്മാരെ കണ്ട് മുട്ടിയ കഥയാണിത്. ഒരു ഡോക്യുമെൻ്ററി പോലെ ലേഖകൻ ചിത്രീകരിച്ചിട്ടുണ്ട്.

‘അപരാജിതൻ’ എന്ന സാമാന്യം നീണ്ട കഥ ആഘോഷത്തിന് ശേഷം മദ്യലഹരിയിൽ തിരിച്ചെത്തിയ ജമാലിൻ്റെ ഭാര്യ ഖദീജ മരണപ്പെടുന്നതും അതിന് ശേഷമുണ്ടാകുന്ന അതിസങ്കീർണ്ണമായ പുനരാഖ്യാനങ്ങളുമാണ്കഥയിൽ. ജമാൽ സ്വന്തം ഭാര്യ ഖദീജയെ കൊന്നു എന്നൊരു വ്യാഖ്യാനമുണ്ടാകുന്നു. ജാതിമതവേർതിരിവിൽ നിരപരാധിയെ ശിക്ഷിക്കാനൊരുങ്ങുന്ന നീതിവ്യവസ്ഥയിൽ അഡ്വെക്കറ്റായ മകൾ നിസ്സഹായതയോടെ സ്വന്തം പിതാവിനെ വിസ്തരിക്കുമ്പോൾ അതേ നിയമവ്യവസ്ഥയെ സത്യം ബോധിപ്പിച്ച് പ്രതിസ്ഥാനത്തുള്ള സ്വന്തം പിതാവിനെ മകൻ രക്ഷിക്കുന്നു. അല്പം നാടകീയത പ്രകടമാകുന്നുവെങ്കിലും കഥ ശുഭാന്ത്യത്തിലെത്തിക്കുന്നു കഥാകൃത്ത്.

'മനസ്സ് മന്ത്രിക്കുന്നു' എന്ന കഥയിൽ സുഷമയുടെ മരണവും ഓർമ്മകളുമാണ്. മുബൈയിലെ കൽതാലോ പാർക്കിൽ നടക്കുന്നവരിൽ ഒരാളായിരുന്നു സുഷമ. കുട്ടനാട്ടിൽ നിന്നുള്ള കഥാനായകൻ മുംബൈയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ബാബലേശ്വർ ഗ്രാമത്തിൽ നിന്ന് വന്ന സുഷമയെ പരിചയപ്പെടുന്നതും അവർ തമ്മിലുളവാകുന്ന ആത്മബന്ധവും സുഷമയുടെ അതിസങ്കീർണ്ണമായ ജീവിതാനുഭവങ്ങളുമാണ് കഥയിൽ. കഥയ്ക്ക് പ്രത്യേക വർണ്ണനകളോ, അലങ്കാരങ്ങളോ അതിഭൂഷണങ്ങളാകുന്നില്ല. ജീവിതത്തെ നേരിട്ടെഴുതിയിരിക്കുന്ന കഥയാണിത്.

ജേക്കബ് ശിവൻ എന്ന കഥയിൽ മതസൗഹാർദ്ദവും ജീവിതവും ചേർത്തെഴുതാൻ പരിശ്രമിച്ചെങ്കിലും എവിടെയോ ഒരു അവ്യക്തത ഈ കഥയിൽ ഉണ്ട്. മനുഷ്യമനസ്സിൻ്റെ സഞ്ചാരത്തിൻ്റെ വിവിധതലങ്ങൾ വായിച്ചെടുക്കുന്നു ഈ കഥ.

ചിരിക്കുന്ന ചെരിപ്പുകൾ എന്ന ശീർഷക കഥ ചെരിപ്പിൻ്റെ വള്ളി പൊട്ടുമ്പോൾ പത്രമിടുന്ന വീട്ടിലെ ഷൂറാക്കിൽ നിന്ന് ഒരു ചെരിപ്പെടുത്താലോ എന്ന ചിന്ത മനസ്സിൽ വരുകയും പിന്നീട് അങ്ങനെ ഒരു ചിന്ത വന്നതിൽ പശ്ചാത്തപിക്കുകയും ചെയ്യുന്ന കഥയിലെ നായകൻ മനസ്സിലെ ചിന്തകളുടെ സങ്കീർണ്ണതകളറിയുന്ന ർന്ന, അതിനെ അംഗീകരിക്കാൻ

തയ്യാറാകുന്ന യഥാർ ത്ഥ മനുഷ്യന്റെ പ്രതിനിധിയാണ്. കഥാപാത്രനിർമ്മിതിയ്ക്കായി നിർമ്മിച്ചെടുത്തെ പശ്ചാത്തലം അത്ര ആകർഷകമായി തോന്നിയില്ല എങ്കിലും സദ്ചിന്തയുടെ സന്ദേശവുമായി ഈ കഥ അവസാനിക്കുന്നു.

ചിരിക്കുന്ന ചെരിപ്പുകൾ എന്ന കഥാസമാഹാരത്തിൽ കഥാലോകത്തിൻ്റെ നിർമ്മിതിയിൽ ഓർമ്മക്കുറിപ്പുകളുടെ കുത്തൊഴുക്കാണ് കൂടുതൽ ദർശിക്കാ നാവുന്നത്.

കഥയും ജീവിതാനുഭവങ്ങളും വിശാലമായ ക്യാൻവാസിൽ രേഖപ്പെടുത്തിയിരിക്കുന്നു ഈ സമാഹാരത്തിൽ ഓരോ കഥയും വ്യത്യസ്തമായ സാമൂഹികപരിസരങ്ങളിൽ അടയാളപ്പെടുത്തുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാനാകും

ശ്രീ എസ് കെ നായരുടെ ചിരിക്കുന്ന ചെരിപ്പുകൾക്ക് ഇനിയും ഉത്തമമായ വായനാനുഭങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
ആർ വി. ആചാരി
ആർ വി. ആചാരി
പുസ്തകം കിട്ടി,

'ചിരിക്കുന്ന ചെരുപ്പാ'ണ് തിരഞ്ഞു പിടിച്ച് വായിച്ചത്.

ചെരിപ്പ് നഷ്ടമായിട്ടും മോഷണം പിടിക്കപ്പെടില്ല എന്നുറപ്പായിരുന്നിട്ടും പ്രലോഭനത്തിൽ വീണു പോകാതിരിക്കാനൂള്ള - to be or not to be - ഷോക്സ്പീരിയൻ ഡയലമ്മയെ അതിജീവിക്കാനുള്ള ആർജവം ശക്തമാകുന്ന കഥ!

ആശംസകൾ.
സുധാകരൻ രാമന്തളി
സുധാകരൻ രാമന്തളി
മനുഷ്യനെന്ന നിലയിൽ വിശ്വവിശാലതയോളം വളരാനും അവനവനിലേക്ക് തന്നെ ചുരുങ്ങിപ്പോകാനും നമ്മെ പ്രാപ്തരാക്കുന്നത് നമ്മുടെ മനസ്സാണ്. നാം ജീവിച്ചുപോരുന്ന സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ മനസ്സ് പാകപ്പെടുന്നതും ലോകത്തെ അഭിമുഖീകരിക്കുവാനുള്ള ശക്തി നേടുന്നതും. ഓരോരുത്തർ ഓരോ വിവിധത്തിലാവും തങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കുക. അഭേദ്യമായ മനോധൈര്യവും അര്ഥപൂര്ണമായ സാമൂഹിക വീക്ഷണവുമുള്ള വ്യക്തി തന്റെ ചിന്തകളെയും തോന്നലുകളെയും തന്റേതായ രീതിയിൽ ആവിഷ്കരിക്കുന്നു. കൂടുതൽ നല്ല മനുഷ്യനാവാനുള്ള ശ്രമമാണ് കലാസാഹിത്യ പ്രവർത്തനങ്ങൾ എന്ന് പൊതുവെ പറയാം. ബെംഗളൂരുവിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ദശകങ്ങളായി മലയാളികൾക്കെല്ലാം സുപരിചിതനായ ശ്രീ എസ്.കെ.നായർ തന്റെ രണ്ടാമത്തെ ചെറുകഥാ സമാഹാരത്തിലൂടെ നിർവഹിക്കുന്നതും അത് തന്നെ.

സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം വിലയിരുത്തുകയും നാട്യങ്ങളേതുമില്ലാതെ നന്മയുടെ വഴിയിലൂടെ നടക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു മനസ്സ് ഈ കഥകളിലാകെ വെളിച്ചം പരത്തുന്നത് നമുക്ക് കാണുവാൻ സാധിക്കും. ക്ഷുദ്രമായ ഒരു പ്രവൃത്തി ചെയ്യുവാനുള്ള അധാർമ്മിക പ്രചോദനം അഥവാ മനസ്സിന്റെ ചാഞ്ചല്യം സ്വയം അടക്കി നിർത്തുവാൻ കഴിയുക എന്നത് വലിയ നന്മയാണ്. ഏറെ കഷ്ടപ്പാട്ടുണ്ടെങ്കിലും; ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയാണെങ്കിലും ചെരുപ്പില്ലാതെ സൈക്കിൾ ചവിട്ടേണ്ടിവന്നാലും മറ്റൊരാളുടെ വസ്തു ആഗ്രഹിക്കുന്നത് തെറ്റാണെന്ന ഉൾവിളി മനുഷ്യന്റെ വലിയ അനുഗ്രഹമാണെന്നു പറയാം. 'മാഗൃധ കസ്യസ്വി ധന:' എന്ന ഉപനിഷദ് വാക്യം ഇവിടെ ഓർക്കാം.

ചെറുകഥയെന്ന സാഹിത്യ രൂപത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചോ സൗന്ദര്യ ശാസ്ത്രപരവും ദാർശനികവുമായ ഘടകങ്ങളെകുറിച്ചോ ഉള്ള ഒരു ചർച്ചക്ക് ഇവിടെ സാധ്യതയുണ്ടന്നു തോന്നുന്നില്ല. സർഗാത്മകതയുടെ ഒരു തീപ്പൊരിയെങ്കിലും ഉള്ളിലുള്ള ഒരാൾ എത്ര വർഷങ്ങൾ കടന്നു പോയാലും, ജീവിത പ്രശ്നനങ്ങളിലും ഔദ്യോഗിക ഉത്തരവാദിത്വങ്ങളിലും കുടുങ്ങി എത്രതന്നെ മറ്റു കാര്യങ്ങൾ ചെയ്തു കാലം കടന്നു പോയാലും ഏതെങ്കിലുമൊരു ദിവസം തന്റെ ചിന്തകളെയും വികാരങ്ങളെയും ആവിഷ്കരിക്കുവാൻ അവസരവും സന്ദർഭവും കണ്ടെത്തുമെന്നതിന്റെ ഉത്തമ നിദര്ശനവും കൂടിയാണ് ശ്രീ എസ് കെ നായരുടെ ഈ രചനകൾ.

യാതൊരു ദുർഗ്രഹതയുമില്ലാത്ത തെളിഞ്ഞ വാങ്‌മയമാണ് ഈ എഴുത്തുകാരന്റേത്. ആശയങ്ങൾ ആവിഷ്കരിക്കുന്നതുപോലെതന്നെ പ്രധാനമാണ് അതെങ്ങിനെ ഏതു മാധ്യമത്തിലൂടെ ആവിഷ്കരിക്കുന്നു എന്നതും. എഴുത്തിനോടൊപ്പം ശില്പത്തെയും സങ്കേതങ്ങളെയും കുറിച്ചുള്ള ധാരണയും നേടിയെടുക്കണ്ടത് നിരന്തരമായ പ്രവർത്തനത്തിലൂടെയാണ്. ആ ദിശയിൽ ഈ എഴുത്തുകാരൻ മുന്നോട്ടു പോകുമെന്നുള്ള പ്രതീക്ഷക്ക് വക നൽകുന്നതു തന്നെയാണ് 'ചിരിക്കുന്ന ചെരുപ്പുകൾ എന്ന ഈ സമാഹാരത്തിലെ കഥകൾ.

പ്രിയ സുഹൃത്തിനു സർവവിധ മംഗളങ്ങളും നേരുന്നു.!