ലംബാണിക്കല്യാണം
സുജിലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘പൂച്ചക്കണ്ണി സുന്ദരിയാണ്’, ‘ചിരിക്കുന്ന ചെരുപ്പുകൾ’ എന്നീ ചെറുകഥാസമാഹാരങ്ങൾക്ക് വായനക്കാരുടെ പ്രതികരണം പ്രോത്സാഹനജനകമായിരുന്നു. കുറേയധിചകം ഭാഷാസ്നേഹികളുടെ ആസ്വാദനക്കുറിപ്പുകൾ ഇതിനകം കൈപ്പറ്റി. ഒപ്പം ആത്മാർത്ഥമായ നിർദ്ദേശങ്ങളും.
സഹൃദയരായ ഭാഷാ സ്നേഹികളുമായി സംവദിക്കുകയാണ് ജീവിതം ആസ്വാദ്യകരമാക്കുവാനുള്ള ഒരു സംരംഭമായിക്കാണുന്നത്. കഴിഞ്ഞ എഴുപതു വർഷക്കാലമായുള്ള ജീവിതത്തിൽ പല സന്ദർഭങ്ങളിലായി, മനസ്സിൽ സൂക്ഷിച്ചിരുന്ന ഓർമ്മകൾക്ക് അല്പം പൊടിപ്പും തൊങ്ങലും ചേർത്തുകൊണ്ട് അക്ഷരങ്ങളും വാചകങ്ങളുമായി നിങ്ങളിലെത്തിക്കുവാനുള്ള ശ്രമം തുടരുകയാണ്.
പത്രപ്രവർത്തന രംഗത്തെ പരിചയ സമ്പന്നനായ ശ്രീ വിഷ്ണുമംഗലം കുമാർ, സാഹിത്യ അക്കാദമികളുടെ അവാർഡ് ജേതാക്കളായ ശ്രീ സുധാകരൻ രാമന്തളി, ശ്രീ ഗംഗാധരൻ, ശ്രീ യു കെ കുമാരൻ, തുടങ്ങി സഹോദര തുല്യരായ ശ്രീ ആലംകോട് ലീലാകൃഷ്ണൻ, ശ്രീ സുകുമാരൻ പെരിയച്ചൂർ, ശ്രീ ടി.എം.ശ്രീധരൻ, രമാ പ്രസന്ന പിഷാരടി, സലിം കുമാർ, ഡോക്ടർ പ്രേംരാജ് എന്നിവരും നഗരത്തിലെ സാംസ്‌കാരിക സംഘടനകളായ കേരളസമാജം ദൂരവാണിനഗർ, റൈറ്റേർസ് & ആർട്ടിസ്റ്സ് ഫോറം, സർഗധാര തുടങ്ങി ബംഗളൂരുവിലെ പല സുഹൃത്തുക്കളും സാംസ്‌കാരിക സംഘടനകളും കൈയയച്ചു സമ്മാനിച്ചുവരുന്ന സ്നേഹമെന്ന ഉത്തേജനമാണ് വീണ്ടും വീണ്ടും എഴുതാൻ ശക്തിപകരുന്നത്.
എന്റെ കഥകളും കഥാപാത്രങ്ങളുമെല്ലാം അനുഭവങ്ങളുടെ കയ്യൊപ്പുകൾ പതിഞ്ഞ ഭാവനകൾ മാത്രമാണ്. മറ്റുള്ളവരാരുമായും ഒരു ബന്ധവുമില്ല. അങ്ങിനെ സാമ്യം തോന്നുന്നുവെങ്കിൽ അത് വായനക്കാരന് കഥാമൂല്യത്തോടു തോന്നുന്ന ആത്മാർത്ഥത മാത്രമായിരിക്കും
സമൂഹത്തിൽ നടന്നിട്ടുള്ളതും നടക്കാവുന്നതുമായ അനവധി സംഭവങ്ങൾ കോർത്തിണക്കി അതിനുവേണ്ട സാഹചര്യങ്ങളും കഥാപാത്രങ്ങളെയും സൃഷ്ടിച്ച് ലളിതമായ വാക്കുകളിലൂടെ നിങ്ങളിലെത്തിക്കുവാനാണ് ‘ലംബാണിക്കല്യാണം’എന്ന പുസ്തകത്തിലൂടെയും ശ്രമിക്കുന്നത്.
തുടർന്നുമുള്ള എന്റെ എല്ലാ ഉദ്യമങ്ങളിലും അനുവാചകരായും, ആത്മമിത്രങ്ങളായും, വിമർശകരായും ഒപ്പമുണ്ടാകണമെന്ന അപേക്ഷയോടെ ഈ ചെറുകഥാസമാഹാരം നിങ്ങൾക്കുമുന്നിൽ സമർപ്പിക്കുന്നു

കഥയെന്നാൽ ബുദ്ധിയാണെന്നാണ് മലയാളത്തിലുളള അർഥം. ഓരോ കഥയും ഒരു ബോധോദയമാണ്. കഥ ആദ്യം പറഞ്ഞത് സകല കലയുടെയും രാജനായ നടരാജനാണ്. കഥ കേൾക്കാൻ ഏറ്റവും ഇഷ്ടം ശ്രീപാർവ്വതിക്കാണ്. പരമശിവൻ കഥ പറഞ്ഞുകൊണ്ടേയിരിക്കും. ആരും കേൾക്കാത്ത കഥ പറഞ്ഞുതരണമെന്ന് പാർവ്വതീദേവി. പരമശിവന്റെ മടിയിൽ തല ചായ്ച്ച് പാർവ്വതീദേവി ഓരോ പുതിയ കഥകളും ശിവനിൽ നിന്ന് കേട്ടുകൊണ്ടേയിരിക്കും. കഥയുടെ രസച്ചരടിനായി പാർവ്വതീദേവി മൂളിക്കൊണ്ടേയിരിക്കും. മൂളൽ നിന്നാൽ കഥകേട്ട് ശ്രീപാർവ്വതി ഉറങ്ങിയെന്നർത്ഥം.
ഒരിക്കൽ പാർവ്വതീദേവിയുടെ മൂളൽ നിൽക്കുന്നേയില്ല. മൂളലിൽ ചെറിയ ഒരു വ്യത്യാസം. ശിവന് സംശയമായി. ശിവന്റെ ഏറ്റവും പുതിയ കഥ കേൾക്കാൻ പുഷ്പദത്തൻ എന്ന അരിവെപ്പുകാരൻ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.
ഒളിച്ചിരുന്ന് കഥ കേട്ടതിനു പരമശിവൻ പുഷ്പദത്തനെ സ്നേഹബുദ്ധ്യാ ശകാരിച്ചു. പിന്നെ ശപിച്ചു. കാലങ്ങൾ കഴിയുമ്പോൾ നീ ഗുണാഢ്യനായി ജനിക്കും. നാട്ടുകാർക്ക് കഥകൾ പറഞ്ഞുകൊടുക്കുമെന്നുമരുളി. ആ ഗുണാഢ്യനാണ് കഥാസരിത് സാഗരം സോമദേവന് പറഞ്ഞു കൊടുത്തതും കഥയുടെ മഹാ പ്രവാഹം സൃഷ്ടിച്ചതും.
മലയാള സാഹിത്യത്തിൽ ഒളിച്ചിരുന്ന് ഗുണാഢ്യനെപ്പോലെ കഥ കേൾക്കുകയും വായിക്കുകയും ചെയ്ത സോമദേവഭട്ടനെപ്പോലെ അല്പം അമാന്തിച്ചെങ്കിലും എഴുത്തു തുടങ്ങുകയും തുടരുകയും ചെയ്യുന്ന മൗലിക പ്രതിഭയാണ് എസ്.കെ.നായർ. തന്റെ കഥാ സമാഹാരമായ 'ലംബാണിക്കല്യാണം' പേര് പോലെ മനസ്സിൽ 'കല്യാണം' അഥവാ സന്തോഷമെന്ന രസമുകുളം സൃഷ്ടിക്കുന്നതാണ് .
'രസോ വൈ സ:' എന്ന ഭാരതീയ ചിന്താസരണി സൃഷ്ടിക്കുന്ന കഥകളാണ് ലംബാണിക്കല്യാണം എന്ന പുസ്തകത്തിലുള്ളത്. നവ രസങ്ങൾ ജനിപ്പിക്കുന്നതാണ് കല. എസ്.കെ.നായരുടെ ഓരോ കഥയും വേറിട്ട തുരുത്തുകൾ പോലെയാണ്. നാമെപ്പോഴും പറയുന്ന ഒരു വാക്യമുണ്ട്. ‘തികച്ചും വ്യത്യസ്തതയാർന്ന കഥകൾ’എന്ന്. നൂറു ശതമാനം വ്യത്യസ്തതകളുടെ ഒരു തുരുത്താണിത് !
'ലംബാണിക്കല്യാണം' എന്ന ശീർഷക കഥ വായനക്കാരിൽ ചരിത്രവും ഭൂമിശാസ്ത്രവും, ഗോത്രജീവിതവും മറ്റും ഹൃദ്യമായി രേഖപ്പെടുത്തുന്ന കഥയാണ്. മൊത്തത്തിൽ ഒരു’ ടി പത്മനാഭൻ കഥ’ പോലെ ഹൃദയഹാരിയാണ്..!
കഥാകൃത്തിന്റെ ഭാഷയിൽ ലംബാണിക്കല്യാണം ഇങ്ങനെ വിവരിക്കുന്നു.
"വിവാഹം ലംബാടികൾക്ക് ഒരു വലിയ ആഘോഷമാണ്. ഒരാഴ്ച മുൻപുതന്നെ ആഘോഷങ്ങൾ തുടങ്ങും. പാട്ടും നൃത്തവുമൊക്കെ സർവ്വ സാധാരണം തന്നെ. ഇതിൽ പ്രധാനമായ ഒന്നാണ് ''ഗരാട്ടണി ടോടരോ'. പെണ്ണിന്റെ കാലിൽ അണിഞ്ഞിരിക്കുന്ന നീല നിറത്തിലുള്ള പാദസരം പൊട്ടിക്കുന്നതാണ്. അവൾക്കു നാളെ നടക്കാൻ പോകുന്ന ചാരിത്ര്യ ധ്വംസനമാണ് പാട്ടിലൂടെയും നൃത്തത്തിലൂടെയും രസകരമായി കല്യാണത്തിന് മുൻദിവസങ്ങളിൽ ആവിഷ്കരിക്കുന്നത്". എസ്.കെ.നായരുടെ രചനയിലെ ഇത്തരം വൈശിഷ്ട്യം കഥയെ വസ്തുനിഷ്ഠമാക്കുന്നു.
'ഞാൻ യോഗിയല്ല' എന്ന കഥ വായിക്കുമ്പോൾ വായനക്കാരന്റെ ഹൃദയമിടിപ്പുകൾ സ്വയം കേൾക്കാൻ കഴിയും. മലബാറിലെ സിദ്ധസമാജവിഭാഗത്തിന്റെ ജീവിതത്തെ ഒപ്പിയെടുത്ത മലയാളത്തിലെ ആദ്യത്തെ കഥയാവാം 'ഞാൻ യോഗിയല്ല' എന്ന കഥ. അതി വിചിത്രമായ ആചാരങ്ങളുടെ കേളീഭവനമാണ് സിദ്ധരുടെ ആശ്രമ ജീവിതം. കഥാകൃത്ത് പറയുന്നത് കേൾക്കാം:
"ലൈംഗിക വേഴ്ചയുടെ കാര്യത്തിലും ഇവിടെ സമത്വം പാലിക്കുന്നു. സമാജത്തിന്റെ ലൈംഗികത ഒരു സ്വാഭാവിക വികാരമാണ്. ഒരന്തേവാസി ആഗ്രഹിക്കുന്ന ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാം. അത് ഉഭയ സമ്മതത്തോടെയായിരിക്കണമെന്ന് മാത്രം. ആരെയും നിർബന്ധിക്കരുത്. അവർ അതാതു സമയത്തെ സംഭോഗത്തിനു മാത്രം പങ്കാളിയായി കാണാൻ പാടുള്ളു. അവരെ നിങ്ങളുടെ സ്വന്തമായിക്കാണാനോ സ്ഥിരമായ പങ്കാളിയായിക്കാണുവാനോ പാടില്ല. സംഭോഗത്തിൽ ഏർപ്പെടുമ്പോൾ അതിനു രഹസ്യ സ്വഭാവം കൊടുക്കുവാനും പാടില്ല. പരസ്യമായിരിക്കണം. കാരണം അത് പാപമല്ല.”
എസ്.കെ.നായരുടെ എഴുത്തിലെ സത്യസന്ധതയാണ് ഓരോ വരികളിലും ജ്വലിച്ചു നിൽക്കുന്നത്. ഗൗതമി കൃഷ്ണ, പ്രണയം ലേഖനത്തിലൂടെ, കാലൻ കോലം, റാണി പറഞ്ഞ കഥ, സാത്താനുണർന്നാൽ, സൈബർ ക്രൈം എന്ന കഥകളടക്കം ആകെ എട്ടു കഥകളാണ് ' ലംബാണിക്കല്യാണം’ എന്ന ചെറുകഥാ സമാഹാരത്തിലുള്ളത്. ഓരോ കഥയും നവരസങ്ങൾ സൃഷ്ടിക്കുന്ന കഥകളാണ്. പ്രമേയത്തിലും രചനാ ശൈലിയിലും തികച്ചും മൗലികമായതിനാൽ കഥയുടെ ഈ വരണ്ട കാലത്ത് ‘ഹായ് നല്ല ഒരു സൃഷ്ടി’ വായിച്ചതിലുള്ള മനസ്സമാധാനം ഈ കഥാ സമാഹാരം വായനക്കാരന് നൽകുന്നു. സമയമില്ലാക്കാലത്തു വായനക്കാരന് സമയ ബോധം സൃഷ്ടിക്കുന്ന കഥാകാരനാണ് എസ്.കെ.നായർ-ബാംഗ്ലൂർ. കഥ എന്നാൽ ബുദ്ധി എന്ന വാഗർത്ഥം സൃഷ്ടിക്കുന്ന എഴുത്തുകാരന്റെ ' ലംബാണിക്കല്യാണം’ എന്ന ചെറുകഥാ സമാഹാരം ഒരു മികച്ച സൃഷ്ടി തന്നെ.