SUKUMAR
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത പെരിയച്ചൂരിൽ ജനനം. ഇരിക്കൂർ ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും പാസ്സായി.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെ എഴുതിത്തുടങ്ങി. ഉമ്മക്കേന, ബാലൻ തോലൻ തൊണ്ടോലൻ, നാണന്റെ നാട്യങ്ങൾ, കിന്നാരം കിച്ചു, മാണ്ടാവു മുത്തശ്ശി, മിഠായിക്കുട്ടികൾ എന്നീ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകൃതമായി. “എന്തു പഠിക്കണം’ എന്ന അക്കാദമിക വൈജ്ഞാനിക സാഹിത്യം 2010ൽ കുഞ്ഞുണ്ണി പുരസ്കാരം നേടി. സ്വാമി വിവേകാനന്ദൻ(ജീവചരിത്രം), ഭഗവദ്ഗീതയിലെ അർജ്ജുനവിഷാദയോഗം (സ്വതന്ത വ്യാഖ്യാനം), പേട്ടക്കാലികൾ (ചെറുകഥാസമാഹാരം), സാമൂഹ്യശാസ്ത്ര ക്വിസ് എന്നിവയാണ് മറ്റുകൃതികൾ.
പുരസ്കാരങ്ങൾ: 1991-ലെ കാനേഷുമാരി കണക്കെടുപ്പിൽ രാഷ്ട്രപതിയുടെ വെള്ളിമെഡൽ, 1992-ൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് അധ്യാപകർക്കായി നടത്തിയ ചെറുകഥാമത്സരത്തിൽ ഒന്നാം സ്ഥാനവും, 1994 ലും 2002 ലും രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 2008-ലും 2009-ലും ഏറ്റവും മികച്ച അധ്യാപകനുള്ള മുംബൈ അജിത് ഫൗണ്ടേഷന്റെ ‘നൂതന അധ്യാപക അവാർഡ്’, 2010-ൽ കുഞ്ഞുണ്ണി പുരസ്കാരം. 2018-ൽ വിദ്യാഭ്യാസ പ്രവർത്തകനുള്ള സംസ്കൃതി പുരസ്കാരം, നാഷണൽ ബിൽഡർ അവാർഡ്, 2019 ൽ ദേശീയ അധ്യാപക പുരസ്കാരത്തിന് കേരളത്തിൽ നിന്ന് നോമിനേഷൻ ലഭിച്ചു.
ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു ചരിത്രാധ്യാപകനായി വിരമിച്ചു. ഇപ്പോൾ അകം മാസിക & കൈരളി ബുക്സ് എഡിറ്ററായി പ്രവർത്തിച്ചു വരുന്നു.
ഭാര്യ ശ്രീമതി ഷീല (അധ്യാപിക), മക്കൾ: കിഷൻ സുകുമാർ, നന്ദകിഷോർ.